ലൈഫ് മിഷൻ വീടുകളുടെ നിര്‍മാണത്തിന് 350 കോടി രൂപ അനുവദിച്ചു, 22500 പേര്‍ക്ക് പ്രയോജനമെന്ന് മന്ത്രിഎം.ബി രാജേഷ്.

മലപ്പുറം ന്യൂസ്‌ ടൈംസ്
 തിരുവനന്തപുരം. ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണത്തിന് 350 കോടി രൂപ കൂടി ലഭ്യമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് പാർലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ 22500 ലൈഫ് ഗുണഭോക്താക്കള്‍ക്ക് വീട് നിർമ്മാണത്തിന് നല്കുവാൻ ആവശ്യമായ വായ്പാ വിഹിതമാണ് അനുവദിച്ചിരിക്കുന്നത്. ഇവർക്കുള്ള സംസ്ഥാന സർക്കാർ വിഹിതവും നിലവില്‍ വിതരണത്തിന് ലഭ്യമാണ്. തിങ്കളാഴ്ച മുതല്‍ ഈ തുക വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ട എല്ലാ ഗുണഭോക്താക്കള്‍ക്കും ഇതിലൂടെ തുക നല്‍കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളം രാജ്യത്തിന് സമ്മാനിക്കുന്ന മറ്റൊരു മാതൃകാ പദ്ധതിയായി ലൈഫ് മിഷൻ മാറിക്കഴിഞ്ഞെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഇത്രയും വിപുലമായ ജനകീയ പാർപ്പിട പദ്ധതി ലോകത്ത് മറ്റെങ്ങുമില്ല. 2026 ആകുമ്ബോഴേക്കും 5 ലക്ഷം വീടുകള്‍ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അതിലേറെ വീടുകൾ പൂർത്തിയാകുമെന്നാണ് നിലവിലെ സ്ഥിതി. ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകള്‍ നിർമ്മാണം പൂർത്തിയാക്കി. 1,06,304 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഏവർക്കും വീട് ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ അതിവേഗം മുന്നോട്ട് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. 2022ല്‍ ഗ്രാമപഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്താക്കള്‍ക്ക് വേണ്ടി 1448.34 കോടി രൂപയുടെ വായ്പ എടുക്കാനാണ് സർക്കാർ അനുമതി നല്‍കിയത്. ഇതില്‍ ആയിരം കോടിയുടെ ഗ്യാരന്റി സർക്കാർ നല്‍കുകയും, ഈ തുക മുമ്പ് തന്നെ ഗുണഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. 69,217 പേർക്കാണ് ഈ തുക വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ വിഹിതവും ഇവർക്ക് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള 448.34 കോടി രൂപയുടെ ഗ്യാരന്റി സർക്കാർ നല്‍കിയതിനെ തുടർന്നാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് അനുസരിച്ച്‌ ബാക്കി തുകയും അനുവദിക്കും. ഇതിന് പുറമെ നഗരസഭകള്‍ക്കായി 217 കോടി രൂപ കൂടി ലഭ്യമാക്കാനുള്ള പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനുള്ളില്‍ ഈ തുക കൂടി ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. ഇവർക്കുള്ള സർക്കാർ വിഹിതവും ലഭ്യമാണ്. ഹഡ്കോ വായ്പ സർക്കാരിന്റെ ഗ്യാരന്റിയിലാണ് ലഭ്യമാക്കുന്നത്. വായ്പയുടെ പലിശ പൂർണമായി സർക്കാരാണ് വഹിക്കുന്നത്.

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Learn More
Ok, Go it!